അവധിക്കാല പഠനക്യാമ്പ്‌ ജൂലൈ 15 ന്‌ തുടങ്ങും

വേനലവധി നന്‍മയുടെ നേര്‍വഴി
റിയാദ്‌: ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസയുടെ അവധിക്കാല പഠനക്യാമ്പ്‌ ജൂലൈ 15 ന്‌ ആരംഭിക്കുന്നു. ആധുനിക വിദ്യാഭ്യാസ കാഴ്‌ചപ്പാടുകളുടെയും മനശ്ശാസ്‌ത്ര സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രായോഗിക പരിശീലനങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി കാര്യക്ഷമവും ഫലപ്രദവുമായ ധാര്‍മിക വിദ്യാഭ്യാസം സാധ്യമാക്കുന്ന ക്‌ളാസുകളും പ്രവര്‍ത്തനങ്ങളുമാണ്‌ ക്യാമ്പില്‍ നടക്കുക.

മതവിദ്യാഭ്യാസത്തിന്‌ പുതിയ രൂപവും ഭാവവും പകര്‍ന്ന സി ഐ ഇ ആര്‍ അവധിക്കാല പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയ ധാര്‍മിക പാഠങ്ങള്‍ എന്ന പുസ്‌തകത്തെ ആസ്‌പദമാക്കി ചര്‍ച്ചകള്‍ക്കും പഠനപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാവും ക്‌ളാസുകള്‍.

വേനലവധി നന്‍മയുടെ നേര്‍വഴി എന്ന പ്രമേയത്തില്‍ കേരളത്തിലും പുറത്തും നടക്കുന്ന അവധിക്കാല ക്യാമ്പുകളുടെ ഭാഗമായാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. അധാര്‍മികതകളിലേക്കാകര്‍ഷിക്കപ്പെടുകയും വഴിതെറ്റി നടക്കാന്‍ പ്രചോദനമാകുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തെ പ്രലോഭനങ്ങളെ ചെറുത്തു നില്‍ക്കാനും നന്‍മകളിലേക്ക്‌ വഴികാണിക്കാനും അവസരങ്ങളും സാഹചര്യങ്ങളും നിര്‍മിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന ക്യാമ്പ്‌, അവധിക്കാലം ക്രിയാത്മകവും രചനാത്മകവുമാക്കിത്തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ പ്രചോദനവും അവസരവുമായിത്തീരും.

ജീവിതത്തെ ഉള്‍ക്കാഴ്‌ചയോടെ സമീപിക്കാനും സാമൂഹികജീവിതത്തില്‍ നന്മയുടെ പ്രതിഫലനം കാത്തുസൂക്ഷിക്കാനും ആവശ്യമായ തിരിച്ചറിവുകള്‍ പകരുന്നതാവും ക്യാമ്പ്‌. നന്മകള്‍ കണ്ടെടുക്കാനും തിന്‍മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും അതുവഴി ധാര്‍മിക ജീവിതം സാധ്യമാക്കാനുമുള്ള ക്രിയാത്മക ഇടപെടലുകളാവും ക്യാമ്പില്‍ നടക്കുക. ടി വിയിലെ പൈങ്കിളി പരിപാടികളുടെ മായാവലയത്തില്‍ നിന്നും കംപ്യൂട്ടര്‍ ഗെയിമിന്റെ നിര്‍ജീവതയില്‍ നിന്നും യാഥാര്‍ഥ്യങ്ങളിലേക്കുള്ള പറിച്ചുനടലിനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ക്യാമ്പ്‌.

കഴിഞ്ഞ മൂന്നു വര്‍ഷമായി വിജയകരമായി നടന്നു വരുന്ന ദാറുല്‍ഫുര്‍ഖാന്‍ അവധിക്കാല ക്യാമ്പ്‌ ഈ വര്‍ഷം കൂടുതല്‍ പുതുമകളോടെ വിപുലമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
പ്രഗല്‍ഭരും പരിചയ സമ്പന്നരുമായ അധ്യാപകരുടെ സാന്നിധ്യം ക്യാമ്പിലുണ്ടാവും. കളിയും പഠനവും സംയോജിപ്പിച്ചുകൊണ്ടുള്ള, വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്നവിധമാകും ക്യാമ്പ്‌.

ഖുര്‍ആന്‍ പാരായണ പരിശീലനം, ഖുര്‍ആനും പ്രാര്‍ഥനകളും മനപ്പാഠമാക്കല്‍, ആരാധനാ കര്‍മങ്ങളുടെ പ്രായോഗിക പരിശീലനം എന്നിവക്കു പുറമെ കലാ- സാഹിത്യ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ പ്രവര്‍ത്തനങ്ങളും ക്‌ളാസുകളും , ചുമര്‍പത്രം, ഡിഷ്‌നറി നിര്‍മാണം, പ്രൊജക്‌റ്റ്‌ വര്‍ക്കുകള്‍, കയ്യെഴുത്ത്‌ മാഗസിന്‍, എക്‌സിബിഷന്‍ തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ പദപ്പയറ്റ്‌, ക്വിസ്‌, രചനാ മല്‍സരങ്ങളും കലാ സാഹിത്യ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടക്കും.

ജൂലൈ 15 മുതല്‍ ആഗസ്‌ത്‌ 6 വരെയുള്ള വ്യാഴം വെള്ളി ദിവസങ്ങളിലാണ്‌ ക്യാമ്പ്‌. വ്യാഴാഴ്‌ചക്‌ളില്‍ ഉച്ചക്കു ശേഷം 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും വെള്ളിയാഴ്‌ചക്‌ളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസില്‍ വെച്ചാണ്‌ ക്യാമ്പ്‌ നടക്കുക.
ഔപചാരികമായി മദ്‌റസാ വിദ്യാഭ്യാസം നേടിയിട്ടുള്ളവര്‍ക്കും വ്യവസ്ഥാപിതമായ മതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ഹിഫ്‌ദ്‌ ക്‌ളാസുകള്‍ ജൂലൈ 17 ന്‌ ആരംഭിക്കും. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെയാണ്‌ ഹിഫ്‌ദ്‌ ക്‌ളാസ്‌.

സി ഐ ഇ ആര്‍ സിലബസും പാഠ്യപദ്ധതിയുമനുസരിച്ച്‌ സൗദി ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിനു കീഴില്‍ മലയാളീ വിദ്യാര്‍ഥികള്‍ക്കായുള്ള മത പഠന സംരംഭമാണ്‌ ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസ. അഞ്ചു വര്‍ഷമായി റിയാദ്‌, അസീസിയയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മദ്‌റസയുടെ പ്രവര്‍ത്തം ഇതിനകം തന്നെ സ്വദേശികളുടെയും വിദേശികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌. ആധുനികവും മനശ്ശാസ്‌ത്രപരവുമായ പാഠ്യ പദ്ധതിയും പഠനരീതിയും അവലംഭിച്ചുള്ള പഠനമാണ്‌ മദ്‌റസയില്‍ നടക്കുന്നത്‌. പഠനത്തോടെപ്പം കലാ കായിക ശേഷികള്‍ പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കാറുണ്ട്‌.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0565479452, 0500910441, 0507283618 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

സെന്റര്‍ ഭാരവാഹികളായ മുഹമ്മദ്‌ ഹാഷിം, ഷാനിഫ്‌ വാഴക്കാട്‌, ശരീഫ്‌ പാലത്ത്‌, മദ്‌റസാ കണ്‍വീനര്‍ റഹീം പന്നൂര്‍, അധ്യാപകരായ ഹനീഫ്‌ മാസ്റ്റര്‍, മുഖ്‌താര്‍ ഉദരംപൊയില്‍, റസാഖ്‌ മദനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.