ബ്ലോഗ് പ്രകാശനം ചെയ്തു



ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ മദ്‌റസയുടെ ബ്ലോഗ് പ്രകാശനം ചെയ്തു. മദ്‌റസയിലെ വിദ്യാര്‍‌ത്ഥികളുടെ പഠന‌ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, കുട്ടികളുടെ സര്‍‌ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമുതകുന്ന രീതിയില്‍ കുട്ടികളുടെ കൂട്ടായ്മയായ തിളക്കം ബാലവേദിയാണ് അധ്യാപകരുടെ സഹായത്തോടെ ബ്ലോഗ് തയ്യാറാക്കിയത്.

പഠനത്തില്‍ ദ്യശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും ഗുണപരമായ ഉപയോഗം സാധ്യമാക്കുന്നതിനും ഫലപ്രദമായ അവതരണത്തിനും വിദ്യാര്‍ഥികളെ പ്രാപ്തമാക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ബ്ലോഗ്.

മദ്രസയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകളും ഫോട്ടോകളും വീഡിയോ ക്ളിപ്പിങ്ങുകളും കുട്ടികളുടെ സൃഷ്ടികളും വിദ്യാഭ്യാസ ചിന്തകളും പഠന പഠ്യേതര പ്രവര്‍ത്തനങ്ങളുടെ രൂപരേഖകളും പുതിയ കാഴ്ചപ്പാടുകളും പഠന പ്രവര്‍ത്തനങ്ങളുടെ മോഡലുകളും ഉള്‍പ്പെടുത്തിയിട്ടുള്ള സമഗ്രമായ ഒരു ബ്ലോഗാണ് ഒരുക്കിയിട്ടുള്ളത്. മദ്രസയുടെ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനപ്പുറം മതപഠനത്തിന്റെ പുതിയ രീതികളെയും കാഴ്ച്ചപ്പാടുകളെയും ജനങ്ങളിലെത്തിക്കുകയും മതപഠനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനം നല്കുകയും ഇവ്വിഷയകമായുള്ള ചിന്തകളും കാഴ്ചപ്പാടുകളും കൈമാറ്റം ചെയ്യപ്പെടുകയുമാണ് ബ്ലോഗിന്റെ ലക്ഷ്യം.

ആമുഖം, പാഠ്യപദ്ധതി, പ്രവര്‍ത്തനങ്ങള്‍ , ഞങ്ങളുടെ അധ്യാപകര്‍, അധ്യാപകര്‍‌ക്കുപറയാനുള്ളത്, ഫോട്ടോ ഗാലെറി,വീഡിയോ ആല്‍ബം, തിളക്കം ബാലവേദി, ചുവട് കയ്യെഴുത്തു മാസിക,ഉണര്‍‌വ്, വിദ്യാര്‍ഥികളുടെ രചനകള്‍ തുടങ്ങിയ ലേബലുകളിലായി അന്‍പതിലധികം പോസ്റ്റുകള്‍ ബ്ലോഗിലുണ്ട്.

വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മതപഠന കേന്ദ്രങ്ങള്‍ക്കും വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും ഒരു പ്രാഥമിക മതപഠനകേന്ദ്രമായ മദ്‌റസക്ക് ഒരു ബ്ലോഗ് ആദ്യത്തേതും പുതിയ ആശയവുമാണ്.

റോഷന്‍ ഇസ്തിറാഹയില്‍ നടന്ന 'ഉണര്‍‌വ്' സംഗമത്തില്‍ ശൈഖ് അബു നാസിര്‍ ബ്ലോഗ് പ്രകാശനം ചെയ്തു.
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍‌-റിയാദ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായിരുന്നു. ശൈഖ് അബു യാസിര്‍, നാസര്‍ സുല്ലമി പ്രസംഗിച്ചു.