പാഠ്യപദ്ധതി



മതപഠനം:പുതിയ പാഠ്യപദ്ധതിയും പഠനരീതിയും

ഏകദേശം ഒരു നൂറ്റാണ്ടു മുന്‍പ് കേരള മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടായ ഇസ്ലാമിക നവോത്ഥാനം മത വിദ്യാഭ്യാസ രംഗത്ത് ഊന്നല്‍ നല്‍കിക്കൊണ്ടാണ് കടന്നു വന്നത്. പ്രാഥമിക മദ്റസകള്‍ ശാസ്ത്രീയമായി പരിഷ്കരിക്കുകയും അക്കാലത്ത് ലഭ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഭൗതിക വിദ്യാലയ‍ങ്ങളിലേതു പോലെത്തന്നെ മദ്റസകളിലും ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി നടപ്പില്‍ വരുത്തിയതാണ് ഇന്ന് കാണുന്ന മദ്റസാസമ്പ്രദായത്തിന്റെ അടിത്തറ.
ഇസ്ലാഹീ പ്രസ്ഥാനം സംഘടിതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ മുഖ്യ അജണ്ടകളിലൊന്ന് മതവിദ്യാഭ്യാസം പരിപോഷിപ്പിക്കുക എന്നതായിരുന്നു. മദ്റസാ വിദ്യാഭ്യാസത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കുകയും നിര്‍ണിതമായ പാഠപുസ്തകം തയ്യാറാക്കുകയും വ്യവസ്ഥാപിതമായി പൊതുപരീക്ഷകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് ഈ രംഗത്ത് പരിവര്‍ത്തനം സ്യഷ്ടിച്ചു.പിന്നീട് വിവിധ ഘട്ടങ്ങളില്‍ പാഠപുസ്തകങ്ങളില്‍ പരിഷ്കരണം വരുത്തുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് പൊതുവിദ്യാഭ്യാസ രംഗത്ത് നടന്നു വരുന്ന സമഗ്രമായ പരിഷ്കരണങ്ങള്‍ക്ക് അനുസ്യതമായി മതവിദ്യാഭ്യാസ രംഗത്തും മാറ്റങ്ങള്‍ അനിവാര്യമാണ്.
മദ്റസാ വിദ്യാഭ്യാസം കാര്യക്ഷമമാക്കിയും പൊതുവിദ്യാഭ്യാസ രംഗത്തെ ആധുനിക സങ്കേതങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയും, കൂടുതല്‍ ആകര്‍ഷകവും പ്രായോഗികവുമായി പുതിയ തലമുറക്ക് മതവിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് -സി ഐ ഇ ആര്‍- എന്ന സമിതിക്ക് രൂപം നല്‍കുകയുണ്ടായി.
സി ഐ ഇ ആര്‍ ന്റെ കീഴില്‍ കാലിക സ്വഭാവമുള്ള ഒരു സമീപന രേഖയുടെയും കരിക്കുലത്തിന്റെയും അടിസ്ഥാനത്തില്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു. ഈ സംരംഭത്തില്‍ വിദ്യാഭ്യാസ വിചക്ഷണരും പരിചയസമ്പന്നരായ വിദ്യാഭ്യാസ പ്രവര്‍ത്തകരും സംഘടനാ നേത്യത്വവും മദ്റസാഅധ്യാപക പ്രതിനിധികളും പങ്കു വഹിച്ചിട്ടുണ്ട്. സി ഐ ഇ ആര്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങളും പഠനരീതിയുമാണ് നമ്മുടെ മദ്റസയില്‍ അവലംപിക്കുന്നത്.
കരിക്കുലവും സിലബസും

പ്രാഥമിക മദ്റസകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ മുന്നോടിയായി വിദ്യാഭ്യാസ സമീപനരേഖ തയ്യാറാക്കുകയാണ് ആദ്യം ചെയ്തത്. മദ്റസാ പഠനം കോണ്ടുള്ള ലക്ഷ്യവും ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ ഈ രംഗത്തെ മൊത്തത്തിലുള്ള കാഴ്ചപ്പാടും ഈ സമീപന രേഖ വ്യക്തമാക്കുന്നു.

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നതാണ് മതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇതിന്നായി ഖുര്ആ‍ന്റെ ഭാഷയായ അറബി പഠിക്കുക എന്നത് അനിവാര്യമത്രെ.അതിനാല്‍ സിലബസില്‍ അറബി ഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നു. ഒന്നാം തരത്തില്‍ നിന്നു തന്നെ ഇത് ആരംപിക്കുന്നു.ഇസ്ലാമിനെപ്പറ്റി മൗലികമായ കാര്യങ്ങള്‍ ലളിതമായി കുട്ടി ഉള്‍ക്കൊള്ളണ്ടതുണ്ട്. വിശേഷിച്ചും വിശ്വാസം, സ്വഭാവം , എന്നീ മേഖലകള്‍. ഇസ്ലാംകാര്യവും ഈമാന്‍കാര്യവും ചരിത്രത്തിന്റെ ചില ശകലങ്ങളും കുട്ടി സ്വായത്തമാക്കേണ്ടതുണ്ട്. അതിന്നായി ഭാഷാ പുസ്തകത്തിനു പുറമെ ഇസ്ലാമിക ബാലപാഠങ്ങള്‍ എന്ന പേരില്‍ ആകര്‍ഷകമായ പുസ്തകങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു .
കരിക്കുലത്തില്‍,പാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ , പഠന ബോധന അന്തരീക്ഷം എന്നിങ്ങനെ ഓരോ മേഖലയിലും മൂന്നു തരത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

ഭാഷാബോധന രംഗത്തുണ്ടായിട്ടുള്ള പുതിയ കണ്ടെത്തലുകളും തിരിച്ചറിവുകളും കാഴ്ച്ചപ്പാടുകളും ശാസ്ത്രീയമായ നിഗമനങ്ങളും ബോധന തന്ത്രങ്ങളും നമ്മുടെ ഭാഷാപുസ്തകത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ആയതിനാല്‍, ഒന്നാം തരം മുതല്‍ പരമ്പരാഗതമായി നാം സ്വീകരിച്ച ചില രീതികള്‍ക്ക് മാറ്റം അനിവാര്യമാവുന്നു.

പുതിയ പാഠ്യപദ്ധതിയും പഠനരീതിയും പ്രസക്തവും ഏറെ ഫലപ്രദവുമാണ്.