എന്റെ മദ്‌റസ



അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയില്‍ നാലാം ക്ലാസിലാണ് ഞാന്‍ പഠിക്കുന്നത്. വളരെ വിശാലമായ ക്ലാസ് റൂമുകളും നല്ല ഒരു ഓഡിറ്റോറിയവും ചെറിയ കുട്ടികള്‍ക്ക് കളിക്കാനുള്ള ഇടവും... നയന മനോഹരമാണ് എന്റെ മദ്‌റസ.

ഒന്നു മുതല്‍ ആറു വരെയുള്ള ക്ലാസുകളിലായി ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ മത പഠനത്തിനായി ഈ മദ്‌റസയില്‍ എത്തുന്നു. സ്കൂളില്‍ പോകുന്ന കുട്ടിക്കളുടെ സൗകര്യാര്‍ഥം വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് മദ്‌റസ പ്രവര്‍ത്തിക്കുന്നത്. ഉച്ച കഴിഞ്ഞ് 2:30 ന് ആരംഭിക്കുന്ന ക്ലാസ് വൈകുന്നേരം 6:00 മണിയോടെ അവസാനിക്കുന്നു. പത്തോളം അധ്യാപകരുടെ നേത്യത്വത്തില്‍ വിദഗ്ധമായ പരിശീലന ക്ലാസുകളാണ് ഇവിടെ നടക്കുന്നത്.

ദീനീ കാര്യങ്ങള്‍ക്ക് പുറമെ മലയാളവും പഠിപ്പിക്കുന്നു എന്നത് ഈ മദ്‌റസയുടെ ഒരു പ്രത്യേകതയാണ്. കുട്ടികളുടെ മാനസിക ശാരീരിക ഉന്മേഷത്തിനായി ഇസ്ലാമിക വിധി വിലാക്കുകള്‍ക്കകത്തുനിന്നുള്ള കായിക കലാമല്‍സരങ്ങളും ധാരാളം സംഘടിപ്പിക്കുകയും വിജയികള്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കാറുമുണ്ട്.

യാതൊരു ഭൗതികലാഭവും ആഗ്രഹിക്കാതെ പുതിയ തലമുറയെ ഇസ്ലാമിക മാര്‍ഗ്ഗത്തിലൂടെ കൈ പിടിച്ചുയര്‍ത്താന്‍ അഹോരാത്രം പണിയെടുക്കുന്ന ഒരു കൂട്ടം ഉസ്താദുമാരുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രമാണ് ഈ മദ്റസ.പുതിയ തലമുറയെ മാത്രമല്ല, ഞങ്ങളുടെ മാതാപിതാക്കള്‍ക്കു വേണ്ടിയും പ്രതിവാര ഖുര്‍‌ആന്‍ ക്ലാസുകള്‍ എന്റെ മദ്‌റസയിലെ ഉസ്താദുമാര്‍ സംഘടിപ്പിക്കാറുണ്ട്.

എന്റെ മദ്‌റസയെക്കുറിച്ച് പറയുമ്പോള്‍ റസിയ ടീച്ചറെ ഓര്‍ക്കാതെ പൂര്‍ണമാവില്ല. വിദഗ്ധമായ ഉപദേശങ്ങള്‍ കൊണ്ടും സ്നേഹാദരണീയമായ പെരുമാറ്റം കൊണ്ടും ഞങ്ങളെ ഏറ്റവും ആകര്‍ഷിച്ച റസിയ ടീച്ചറുടെ വിയോഗം എന്നും ഞാന്‍ ഒരു നൊമ്പരത്തോടെ ഓര്‍ക്കും. അകാലത്തില്‍ പൊലിഞ്ഞുപോയ ആ മഹതിക്ക് അല്ലാഹു സ്വര്‍ഗത്തിന്റെ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ.

നിസ്മ നാസര്‍
ക്ലാസ്: 4
ടീം: സൈന്‍
(വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ ചുവട് കയ്യെഴുത്തു മാസികയില്‍ നിന്ന് )