'ഉണര്‍‌വ്' നവ്യാനുഭവമായി



ദാറുല്‍ ഫുര്‍ഖാന്‍ മദ്‌റസയിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂടിച്ചേരല്‍ 'ഉണര്‍‌വ്' നവ്യാനുഭവമായി.

പാട്ടുപാടിയും കഥപറഞ്ഞും എഴുതിയും വരച്ചും കളിച്ചും കൊച്ചുകൂട്ടുകാര്‍ ഒരുക്കിയ സര്‍ഗവിരുന്ന് കണ്ണിന് കുളിര്‍മയും ഹ്യദയങ്ങള്‍ക്ക് ആനന്ദവുമായി. രണ്ട് ദിവസങ്ങളിലായി നടന്ന കലാ സാഹിത്യ കായിക മല്‍സരങ്ങളില്‍ പ്രതിഭകളുടെ മാറ്റുരക്കലാണ് നടന്നത്. വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ 'തിളക്കം' ബാലവേദിക്ക് കീഴിലാണ് പരിപാടികള്‍ നടന്നത്. വിദ്യാര്‍‌ഥികളെ ത്വയ്യിബ്, തമാം, ഖൈര്‍, സൈന്‍ എന്നീ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മല്‍സരം. വ്യത്യസ്ഥവും പുതുമയാര്‍ന്നതുമായ മല്‍സരങ്ങളും കലാപരിപാടികളുമാണ് അവതരിപ്പിക്കപ്പെട്ടത്.

ചില്‍ഡ്രന്‍, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടന്നത്. ജൂനിയര്‍ വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍‌കുട്ടികള്‍ക്കും പ്രത്യേകം മല്‍സരങ്ങളുണ്ടായിരുന്നു. പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട മല്‍സരങ്ങള്‍ക്കായിരുന്നു കലാ മല്‍സരങ്ങളില്‍ പ്രാധാന്യം നല്‍കിയിരുന്നത്.

കലാ- സാഹിത്യ മല്‍സരങ്ങള്‍ വ്യാഴാഴ്ച ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയില്‍ വെച്ചും കായിക മല്‍സരങ്ങള്‍ വെള്ളിയാഴ്ച റോഷന്‍ ഇസ്തിറാഹയില്‍ വെച്ചുമാണ് നടന്നത്.

വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ ജുമുഅ നമസ്കാരത്തിന് സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍‌-റിയാദ് സെക്രട്ടറി നാസര്‍ സുല്ലമി നേത്യത്വം നല്‍കി. ശേഷം നടന്ന പാരന്റ്‌സ് മീറ്റില്‍ മുഖ്താര്‍ ഉദരം‌പൊയില്‍ ക്ലാസെടുത്തു. മദ്‌റസാ സദര്‍ മുദര്‍‌രിസ് സിറാജ് ആസാദ് അധ്യക്ഷനായിരുന്നു. സീനിയര്‍ അധ്യാപകന്‍ റസാഖ് മദനി സ്വാഗതവും അയ്യൂബ് കടലുണ്ടി നന്ദിയും പറഞ്ഞു.


ഏറ്റവും കൂടുതല്‍ പോയിന്റ് നേടി തമാം ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി. ത്വയ്യിബ് ഗ്രൂപ്പിനാണ് രണ്ടാം സ്ഥാനം. ചില്‍ഡ്രന്‍ വിഭാഗത്തില്‍ ലബീബ്, സബ്ജൂനിയര്‍ വിഭാഗത്തില്‍ സഈദ് ആബിദീന്‍ , ജൂനിയര്‍ (ആണ്‍) വിഭാഗത്തില്‍ നാസിമുദ്ദീന്‍ , ജൂനിയര്‍ (പെണ്‍) വിഭാഗത്തില്‍ നശ്‌വ എന്നിവര്‍ വ്യക്തികത ചാമ്പ്യന്മാരായി.